Posted By ashly Posted On

Malayali Woman Trapped in Kuwait: വിശ്രമം ഇല്ലാത്ത ജോലി, ദേഹോപദ്രവം, യാത്രാവിലക്ക്; കുവൈത്തില്‍ ദുരിതക്കയത്തില്‍ മലയാളി യുവതി

Malayali Woman Trapped in Kuwait കുവൈത്ത് സിറ്റി: മലയാളി യുവതി കുവൈത്തില്‍ ദുരിതക്കയത്തില്‍. സ്പോണ്‍സര്‍ നല്‍കിയ കേസിലാണ് യുവതി അകപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ സാനു ഷീലയ്ക്കെതിരെ ഒളിച്ചോട്ടത്തിന് പുറമെ 800 ദിനാര്‍ മോഷ്ടിച്ചെന്ന പരാതിയാണ് സ്പോണ്‍സര്‍ നല്‍കിയത്. കേസിന്‍റെ പശ്ചാത്തലത്തിൽ യാത്രാ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് സാനു ഷീല സബാ അൽ സാലൈം ഏരിയയിലെ ലേഡീസ് സലൂണിൽ ഹെയർ ഡ്രെസ്സർ ജോലിക്കെത്തിയത്. സലൂണിൽ തന്നെ ജോലി ചെയ്യുന്ന ഒരു പരിചയക്കാരി മുഖേനയാണ് എത്തിയത്. ഒരു മാസത്തോളം വിശ്രമം പോലും നല്‍കാതെ ജോലി എടുപ്പിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതോെടെയാണ് സഹിക്കവയ്യാതെ അവിടെ നിന്ന് രക്ഷപ്പെട്ട് എംബസിയിൽ ചെന്ന് സാനു പരാതി എഴുതി നൽകിയത്. എംബസി നിർദേശപ്രകാരം കമ്പനി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന (ഷൂണ്‍) ഓഫിസിൽ പരാതി നൽകാൻ എത്തിയപ്പോഴാണ് സാനുവിനെതിരെ കേസുള്ള കാര്യം അറിയുന്നത്. തുടർന്ന്, കേസ് അന്വേഷിക്കാൻ സബാ അൽ സാലൈം പോലീസ് സ്റ്റേഷനിൽ ചെന്നു. ഒളിച്ചോട്ടം, പണം അപഹരിക്കല്‍ എന്നീ കേസുകളിലാണ് യുവതിക്കെതിരെ സ്പോണ്‍സര്‍ പരാതി നല്‍കിയത്. ഇതേതുടര്‍ന്ന്, യുവതിക്ക് നാലു ദിവസം പോലീസ് കസ്റ്റഡിയിൽ കഴിയേണ്ടി വന്നു. കുവൈത്തിലുള്ള ഭർത്താവ് സുർജിത്ത് ഇടപെട്ട് ഒരു അഭിഭാഷകന്‍റെ സഹായത്തോടെ പുറത്തിറങ്ങി. കേസ് നടത്തിപ്പിനായി ഘട്ടങ്ങളായി അഭിഭാഷകന് 1100 ദിനാർ നൽകിയെങ്കിലും മൂന്നുമാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഒരു ലക്ഷം രൂപ കുവൈത്തിലെ പരിചയക്കാരിക്ക് വിസയ്ക്ക് നൽകിയാണ് എത്തിയത്. കുവൈത്തിൽ എത്തിയപ്പോൾ തന്നെ സ്‌പോൺസർ സാനുവിന്‍റെ പാസ്പോർട്ട് വാങ്ങിയിരുന്നു. മാത്രമല്ല, ഇഖാമ അടിച്ചിട്ടുണ്ടോ എന്ന് പോലും സാനുവിന് അറിയില്ല. കേസ് ഇനി കോടതിയിൽ എത്തിയാൽ മാത്രമേ യാത്രാ വിലക്ക് അടക്കം മാറ്റാൻ കഴിയൂ. എത്രയും വേഗം നാട്ടിലേക്ക് മടക്കി അയക്കാൻ സഹായം അഭ്യർഥിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ശശി തരൂർ എംപി എന്നിവരെയും ഇവർ ബന്ധപ്പെട്ടിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *