ഭാഗ്യമഴ ! ഏഴ് നമ്പറുകളും ശരിയായി, മുന്‍ പ്രവാസിക്ക് 225 കോടി രൂപ സമ്മാനം

അജ്മാൻ: ഇടയ്ക്കിടെ എമിറേറ്റ്സ് ഡ്രോയില്‍ പങ്കെടുക്കുന്നയാളാണ് ചെന്നൈയില്‍ താമസിക്കുന്ന മുന്‍ പ്രവാസി കൂടിയായ 56കാരന്‍ ശ്രീറാം രാജഗോപാലന്‍. ഇപ്രാവശ്യമെടുത്ത ടിക്കറ്റില്‍ ഏഴ് നമ്പറുകളും ശരിയായി, കൈയില്‍ വന്നുചേര്‍ന്നത് ഒന്നോ രണ്ടോ കോടിയല്ല, 225 കോടി രൂപ (100 ദശലക്ഷം ദിര്‍ഹം) യാണ്. എമിറേറ്റ്സ് ഡ്രോയുടെ മെഗാ7 ജാക്ക്‌പോട്ടിലൂടെയാണ് ശ്രീറാമിന് കോടികള്‍ സമ്മാനം നേടാനായത്. ശ്രീറാമിന്‍റെ റിട്ടേയര്‍ഡ് ജീവിതത്തില്‍ നിനച്ചിരിക്കാത്ത ഭാഗ്യമായി മാറി. ഈ വിജയം ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും നറുക്കെടുപ്പിന്റെ വിഡിയോ വീണ്ടും കണ്ട് സ്ക്രീൻഷോട്ട് എടുത്താണ് ഉറപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. “ഒന്നും നടന്നില്ലെന്ന് കരുതി ഒരിക്കലും ഉപേക്ഷിക്കരുതെന്ന” അമ്മ നൽകിയ വിലപ്പെട്ട ഉപദേശമാണ് അദ്ദേഹം എപ്പോഴും ജീവിതത്തില്‍ അവലംബിക്കുന്നത്. തനിക്ക് ഇപ്പോൾ 70 ശതമാനം സന്തോഷവും 30 ശതമാനം ഭയവുമാണുള്ളതെന്ന് ശ്രീറാം പറഞ്ഞു. 1998ൽ സൗദി അറേബ്യയിലേക്ക് പോയ അദ്ദേഹത്തിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. പ്രവാസ ജീവിതത്തിൽ കഷ്ടപ്പെട്ട് നേടിയ പണം കൊണ്ടാണ് ശ്രീറാം അവരെ വളർത്തിയത്. 2023ലാണ് അദ്ദേഹം തിരികെ ഇന്ത്യയിലേക്ക് മടങ്ങിയത്. ആരോഗ്യപ്രശ്നങ്ങളും രോഗബാധിതയായ അമ്മയുടെ പരിചരണവുമായി കഴിയുന്നതിനിടയിലും ഭാഗ്യത്തിലുള്ള വിശ്വാസം അദ്ദേഹം കൈവിട്ടില്ല. ഈ നേട്ടം തന്റെ കുടുംബത്തിനും ലോകമെമ്പാടുമുള്ള സ്വപ്നം കാണുന്നവർക്കുമുള്ള പ്രതീക്ഷയാണെന്നും പണം എന്തു ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. എന്നിരുന്നാലും, അതിൽ നിന്ന് നല്ലൊരു ശതമാനം ദാനം ചെയ്യണമെന്നത് മുൻപേ എടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. അർബുദം ബാധിച്ച കുട്ടികൾക്ക് സഹായം നൽകണമെന്ന ആഗ്രഹം അദ്ദേഹം പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *