കുവൈത്തില്‍ കുടുംബസന്ദര്‍ശന വിസ കാലാവധി 90 ദിവസമായി നീട്ടിയോ? പ്രചരിക്കുന്നതിലെ സത്യാവസ്ഥയെന്ത്?

കുവൈത്ത് സിറ്റി: രാജ്യത്ത് കുടുംബസന്ദര്‍ശനവിസ കാലാവധി 90 ദിവസമായി നീട്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന പരസ്യം വ്യാജമെന്ന് അധികൃതര്‍. കുടുംബ സന്ദർശന വിസയുടെ കാലാവധി മൂന്ന് മാസമായി വര്‍ധിപ്പിച്ചെന്ന തരത്തിൽ ഒരു ടൈപ്പിങ് സെന്‍റർ സ്ഥാപനത്തിന്റെ പേരിൽ വ്യാജ പരസ്യം പ്രചരിച്ചിരുന്നു .”90 ദിവസം കാലാവധിയോടെ ഫാമിലി വിസിറ്റ് വിസ ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം’ എന്നാണ് പരസ്യത്തില്‍ പറയുന്നത്. വിശദവിവരങ്ങൾ അറിയുന്നതിന് മൂന്ന് മൊബൈൽ ഫോൺ നമ്പറുകളും പരസ്യത്തിൽ നൽകിയിട്ടുണ്ട്. ഈ നമ്പറുകളില്‍ വിളിക്കുന്നവരോട് മലയാളിയാണ് മറുപടി നൽകുന്നത്. പുതിയ നിയമം ‘രഹസ്യമായി’ കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്നതായാണ് ഫോണില്‍ വിളിക്കുന്നവർക്ക് മലയാളി നൽകുന്ന മറുപടി. വിസ നിരക്കിന് പുറമെ, അഞ്ച് ദിനാർ സേവന ചാർജ് കൂടി നൽകണമെന്നും ഇയാൾ ആവശ്യപ്പെടുന്നുണ്ട്. നിലവിൽ കുടുംബ സന്ദർശന വിസയ്ക്ക് ആഭ്യന്തര മന്ത്രാലയം ഒരു മാസത്തെ കാലാവധി മാത്രമാണ് അനുവദിക്കുന്നത്. സന്ദർശന വിസ കാലാവധി ദീർഘിപ്പിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. എങ്കിലും ഇത് സംബന്ധിച്ച് ഇതുവരെ യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല. നാട്ടിലുള്ള ബന്ധുക്കൾക്ക് ഒരു മാസത്തെ കാലാവധിയിൽ മാത്രമാണ് ഇപ്പോൾ സന്ദർശന വിസ അനുവദിക്കുന്നത്. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രവാസികളാണ് സന്ദർശന വിസ കാലാവധി മൂന്ന് മാസമായി വർധിപ്പിക്കുന്ന പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *